'ഇപ്പോള്‍ ഫോണ്‍ വക്കരുത്. ഫോണ്‍ വെച്ചാല്‍ പിന്നെ നമ്മള്‍ തമ്മില്‍ ഒരു ബന്ധവും ഇല്ല. ഞാന്‍ സീരിയസ് ആയിട്ടാണ് പറയുന്നത് .'
സ്നേഹവും ദേഷ്യവും വാശിയും ഇടകലര്‍ന്ന അടക്കി പിടിച്ചുള്ള ശബ്ദം കേട്ട് കൊണ്ടാണ് എന്‍റെ കണ്ണുകള്‍ തുറന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇതേ സംഭാഷണം എന്‍റെ ഉറക്കത്തിനു വിഘ്നം ഉണ്ടാക്കുന്നത് .ഇരുട്ടില്‍ തപ്പിപിടിച്ച് തലയ്ക്കു അരികിലായി വച്ചിരുന്ന മൊബൈല്‍ ഫോണ്‍ എടുത്തു സമയം നോക്കി - രണ്ടു മണി കഴിഞ്ഞിരിക്കുന്നു.തൊട്ടരികില്‍ കിടന്നു മൊബൈല്‍ ഫോണിലൂടെ മൂളി കൊണ്ടിരിക്കുന്ന സുഹൃത്തിനെ ദേഷ്യത്തോടെ ഒന്നു നോക്കി.
വീടിന്‍റെ മുന്‍വശത്തെ തിണ്ണയില്‍ ചെന്നിരുന്നു .ആകാശത്തില്‍ ഇരുന്നു എന്നെ നോക്കി കളിയാക്കുന്ന ചന്ദ്രനേയും നോക്കി സിഗിരറ്റിന്‍റെ പുകച്ചുരുളുകള്‍ മുകളിലോട്ടു വിട്ടു .ദൂരെ മാനത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളോട് പരിഭവം പങ്കിട്ടു.മൊബൈല്‍ എടുത്തു നോക്കി .സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു. നാളെ ഇന്റര്‍വ്യൂ എന്ന പ്രഹസനത്തിനു മുന്‍പില്‍ നില്കേണ്ടാതാണ്.എഞ്ചിനീയറിംഗ് ഡിഗ്രിയും പേറി ജോലിക്കായുള്ള അലച്ചില്‍ തുടങ്ങിയിട്ട് എട്ടു മാസം കഴിഞ്ഞു.
മുറിയില്‍ ചെന്നപോള്‍ മൊബൈല്‍ ഫോണുകള്‍ അപ്പോഴും സല്ലപിച്ചു കൊണ്ടിരിക്കുകയാണ്.ഇതു അവസാനിച്ചിട്ടു കിടന്നുറങ്ങാം എന്നു വച്ചാല്‍ നാളെ സൂര്യോദയം വരെയും കാത്തിരിക്കേണ്ടി വരും.ഏതായാലും ഇപ്പോള്‍ അടക്കിപിടിച്ചുള്ള സംസാരവും മൂളലും മാത്രം കേട്ടാല്‍ മതിയെല്ലോ . ഇനി വരാനിരിക്കുന്ന 3G യുഗത്തില്‍ എന്തെല്ലാം സഹിക്കേണ്ടിവരും എന്ന ചിന്തകളോടെ ഞാന്‍ എന്‍റെ തലയും കാലുകളും പുതപ്പിനകതാക്കി മറുവശത്തേക്ക് തിരിഞ്ഞു കിടന്നു ഉറങ്ങാന്‍ ശ്രമിച്ചു.