Wednesday, April 17, 2019

തിരകള്‍ക്കപ്പുറം

ഗോവന്‍ ബീച്ചിലേക്ക് ആര്‍ത്തിരമ്പി വരുന്ന തിരമാലകള്‍ മെല്ലെ എന്‍റെ
കാലുകളെ തഴുകിക്കൊണ്ട് കടന്നു പോയി.സൂര്യന്‍ കടലിനകത്തേക്ക് കൂടണയാന്‍
പടയൊരുക്കം തുടങ്ങി കഴിഞ്ഞു. നാഴികകള്‍ക്കകലെ തിരമാലകളോട് പരിഭവം പറഞ്ഞു
നില്‍ക്കുന്ന ഒരു പെണ്‍കുട്ടി എന്‍റെ ശ്രദ്ധയിൽ  പെട്ടു.ഞാന്‍ അവള്‍ക്ക്
അരികിലേക്ക് ചെന്നു.കണ്പീലികളിലേക്ക് ഇടതൂര്‍ന്നു വീണു കിടക്കുന്ന മുടി
ഒരു വശത്തേക്ക് ഒതുക്കിക്കൊണ്ട് അവള്‍ എന്നെ നോക്കി .അവള്‍ക്ക്‌
സൂര്യകാന്തി പൂവിന്‍റെ ഗന്ധം ആയിരുന്നു. കുറച്ചകലെ നിന്നും ആരോ മാടി
വിളിച്ചപ്പോള്‍ അവള്‍ അവര്‍ക്കരികിലേക്കു ഓടി പോയി .

മൃദുലമായ അവളുടെ കൈവിരലുകളില്‍ ആരുടെയോ കൈകള്‍ അമരുന്നത് ഞാന്‍
ദുഖത്തോടെ  നോക്കിക്കണ്ടു.അവളുടെ ചുണ്ടുകളില്‍ അപ്പോളും ചെറുപുഞ്ചിരി
വിരിയുന്നുണ്ടായിരുന്നു.ഞാന്‍ പോക്കറ്റില്‍ നിന്നും ഒരു സിഗിരറ്റ്
എടുത്തു ചുണ്ടിനോട് ചേര്‍ത്ത് വച്ചു. എതിര്‍ വശത്തിരിക്കുന്ന അപരിചിതനായ
സുഹൃത്തിന്‍റെ കയ്യില്‍ നിന്നും ലൈറ്റര്‍ വാങ്ങി കത്തിച്ചു.മെല്ലെ മുഖം
ഒന്നുയര്‍ത്തി നോക്കി . കണ്ടാല്‍ മാന്യന്മാര്‍ എന്ന് തോന്നുന്ന
മൂന്നുന്നാലു പേര്‍ക്ക് മധ്യത്തില്‍ ആണവള്‍.അവര്‍ക്കിടയില്‍ നിന്നും അവൾ
തന്‍റെ കൈവിരലുകള്‍ എടുത്തു മാറ്റാന്‍ ശ്രമിക്കുന്നത് ഒരു നെടുവീര്‍പോടെ
ഞാന്‍ കണ്ടു നിന്നു .പുകച്ചുരുളുകള്‍ മൂടിയ  മങ്ങിയ വെളിച്ചമാര്‍ന്ന ആ
മദ്യശാലയില്‍ നിന്നും അവള്‍ പുറത്തേക്കു കടന്നു.


കാലടികള്‍ നോക്കി കൊണ്ട് ഞാന്‍ മുന്നോട്ട് നടന്നു. കുറച്ചു ദൂരം
ചെന്നപോള്‍ ഞാന്‍ ഒരു കൂട്ടത്തിനു ഇടയില്‍ ചെന്നു പെട്ടു.അവിടെ വച്ചു
എനിക്ക് കാലടികള്‍ നഷ്ടപെട്ടു. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ അവളെ
പരതി.എന്‍റെ കണ്മുന്നിലൂടെ പുതിയ മുഖങ്ങള്‍ മിന്നിമാഞ്ഞു പോയി
കൊണ്ടിരുന്നു.ബീച്ചിന്‍റെ ഒരറ്റം വരെയും ഭ്രാന്തമായ വികാരത്തോടെ ഞാന്‍
നടന്നു.സൂര്യകാന്തി പൂവിന്‍റെ ഗന്ധം മാത്രം എനിക്ക് എവിടെയും
കിട്ടിയില്ല.

ഇരുണ്ട വെളിച്ചത്തില്‍ മുല്ലപ്പൂ ചൂടിയ പെർഫ്യൂമിന്റെ  മത്തു
പിടിപ്പിക്കുന്ന ഗന്ധമുള്ള ഒരു പെണ്‍കുട്ടി എന്നെ നോക്കി ചിരിച്ചു.ഞാന്‍
അവള്‍ക്ക്‌ അരികിലേക്ക് ചെന്നു.അവളുടെ കണ്ണിലെ കൃഷ്ണമണികള്‍ എന്നോട്
കടംകഥകള്‍ പറഞ്ഞു. അവള്‍ എന്നെ ഒരു മുറിയിലേക്ക് കൊണ്ട് പോയി .ഇടതിങ്ങിയ
മുറിയിലെ ഒരു കോണില്‍ അവളെന്നെ കൊണ്ടിരുത്തി. അവള്‍ എന്‍റെ മുന്‍പില്‍
വിവസ്ത്രയായി നിന്നു. അപ്പോളും  എന്‍റെ മനസ്സു നിറയെ സൂര്യകാന്തി പൂവിന്‍റെ
ഗന്ധമുള്ള പെണ്‍കുട്ടി ആയിരുന്നു. മറ്റൊരുവളുടെ നഗ്നമായ മേനിയില്‍ ഞാന്‍
അറിയാതെ വീണ്ടും വീണ്ടും ചുംബിച്ചു.