Saturday, June 15, 2013

മാമ്പഴക്കാലം

കരിങ്കൽ  കെട്ടുകൾ കൊണ്ട് ഏഴടി  ഉയരത്തിൽ പണിതു വച്ചിരിക്കുന്ന ചുറ്റുമതിൽ . ഇതി ന്റെ  മണ്ടേൽ ഉള്ള പറമ്പിൽ  ആണ് യമണ്ടൻ  മാവ്  തൻറെ  കൊമ്പുകളും ചില്ലകളും വിടർത്തി  അഹങ്കാരത്തോടെ  നില കൊള്ളുന്നത്‌ . അവനു കാവലെന്നോണം അരികിലുള്ള വീട്ടിൽ ഒരു കറുത്ത മുറിവാലൻ ഡോബർമാൻ പട്ടിയും ഒരു ഞൊണ്ടിയും  കൂടി ഉണ്ട്. എഴുനേറ്റ്  നില്കുന്ന മുടികളുള്ള ഞൊണ്ടിയുടെ  കണ്ണുകൾക്ക്‌ എല്ലായ്പോഴും ചുവപ്പ്  നിറമാണ്.അയാള് സദാസമയവും കള്ളു  കുടിച്ചാണത്രെ  നടക്കുന്നത്. വികൃതി  കാണിക്കുന്ന കുട്ടികളെ കണ്ടാൽ  അയാള് അവരെ അങ്ങ്  കിഴക്കൻ മലയുടെ മുകളിലേക്ക്  പിടിച്ചു കൊണ്ട് പോയി അവരുടെ രണ്ടു കണ്ണുകളും പഴുത്ത ഇരുമ്പുലക്കകൾ കൊണ്ട്  ചൂഴ്നെടുക്കുമെന്നാണ് ഉണ്ണിയുടെ മുത്തശ്ശി അവനോടു പറഞ്ഞിരിക്കുന്നത് .അതുകൊണ്ട്  ഞങ്ങൾ കുട്ടികൾക്കെല്ലാം  അയാളെ കാണുന്നത്  ഭയമാണ് . വൈകിട്ട് അത് വഴി ആണ് തിരിച്ചു വീട്ടിലേക്ക്  പോവേണ്ടത് ..ഞൊണ്ടിയുടെ  വീടിനടുത്  എത്തുമ്പോൾ ആരും ശബ്ദം ഉണ്ടാകാതെ മെല്ലെ കടന്നു പോകും .അപ്പോഴും കുറച്ചകലെ നിന്ന്  ഡോബർമാൻ  പട്ടിയുടെ കുര  കേൾക്കാം .പട്ടികൾ നമ്മൾ മനുഷ്യരെ പോലെ അല്ല. അവറ്റകൾ മണം  പിടിച്ചാണത്രെ  കുരക്കുന്നത് .

                          കൂട്ടത്തിൽ  ധൈര്യം  കൂടിയവർ ഗേറ്റിന്റെ ദ്വാരത്തിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കും . ഡോബർമാൻ  കൂടിന്റെ  അകത്താണെന്ന്  ഉറപ്പു വരുത്തി  കഴിഞ്ഞാൽ  പിന്നെ തിരിച്ചു കുരച്ചു  കാണിക്കും .കൈ വിരലുകൾ  വിടര്ത്തി കാതിനോട് ചേർത്ത് വച്ച് നാക്ക്  പുറത്തേക്കു നീട്ടി  ആങ്ങ്യവും  കാണിക്കും .ഡോബർമാൻ  കുര  ഒന്നുകൂടെ  ഉച്ചത്തിൽ  ആക്കും .പാതി  അടഞ്ഞ  മിഴികളോടെ  ഞൊണ്ടി അകത്തു  നിന്നും പുറത്തേക്ക്  ഇറങ്ങി വരും . അതോടെ കുട്ടികളെല്ലാം പലവഴിക്കായി  ഓടും .

        വേനൽ  അവധി  തുടങ്ങുന്നതോടെ  എങ്ങും കണികൊന്നകൾ  പൂത്ത്  തുടങ്ങും .നഗരത്തിന്റെ നാനാ  ഭാഗങ്ങളിലും  പടക്ക കടകൾ  ഉയരും . പടകങ്ങളും  കമ്പിത്തിരിയും  മേത്താപൂവും  വാങ്ങുവാൻ പുരുഷൻമാരുടെ  ഒരു നീണ്ട നിര തന്നെ ഉണ്ടാകും.നെല്ച്ചക്രങ്ങൾ  ചൂണ്ടി കാട്ടി  കൊച്ചു കുഞ്ഞുങ്ങൾ  കരയും . 
" അത് ഞമ്മക്  നാളെ വാങ്ങാം.ഇ ന്ന്  ഇത്രേം മതി  ".
ഒരു വിധത്തിൽ കുഞ്ഞുങ്ങളെ സമാധാനിപ്പിച്ചു അവർ അവിടെ നിന്നും രക്ഷപെടും .ഞങ്ങൾ വീടുകാരുടെ കണ്ണ് വെട്ടിച്ചു ചില്ലറ പൈസകൾ   ശേഖരിക്കും . എല്ലാം ചേർത്ത് വച്ച് പടക്കകടയിൽ പോയി  പടക്കങ്ങൾ വാങ്ങും . ഓല പടക്കങ്ങളും  മാല പടക്കങ്ങളും ആണ് എല്ലാവര്ക്കും പ്രിയം. കടും പച്ച നിറമുള്ള ബോംബ്‌ പടക്കങ്ങൾ വാങ്ങാൻ പണം പിന്നെയും വേണം . എല്ലാവരുടെയും മുഖത്ത്  ഒരല്പ നേരെത്തെ മ്ലാനത .പിന്നെ  കിട്ടിയ പടകങ്ങൾ എല്ലാം  എടുത്തിട്ട്  ആഘോഷപൂർവം  പുറത്തേക്ക്‌ ഓടും .പടക്കങ്ങൾ പൊട്ടിച്ചു വഴിനീളെ നടകുന്നതിനിടയിൽ യമണ്ടൻ മാവിനെ നോക്കി നിന്ന് പോകും .ഇളം മഞ്ഞയും  പച്ചയും നിറങ്ങളുള്ള  മാമ്പഴങ്ങൾ  അവന്റെ ചില്ലകളിലിരുന്നു ഇളം കാറ്റിൽ  ഊഞ്ഞാൽ  ആടുന്നുണ്ടാവും .

            കുറച്ചകലെ നിന്നും ഡോബർമാന്റെ  കുര കേൾക്കുന്നുണ്ട് . ധൈര്യശാലിയാണെന്നു സ്വയം അവകാശപെടുന്ന നിസാർ  ഗേറ്റിന്റെ  ദ്വാരത്തിലൂടെ ഒന്ന് നോക്കി .ഡോബർമാൻ  കൂടിലാണെന്നു ഉറപ്പുവരുത്തിയ ശേഷം തിരിച്ചു കുരച്ചു  കാണിച്ചു . ഡോബർമാനും  കുരകുന്ന  ശബ്ദം  ഉയർന്നു വന്നു .പക്ഷെ പതിവിനു വിപരീതമായി ഞൊണ്ടി മാത്രം അകത്തു നിന്നും പുറത്തിറങ്ങി  വന്നില്ല.
"ഞൊണ്ടി അവിടെ ഇല്ലാന്നാണ്ടാ  തോന്നുന്നത്".
നിസ്സാർ  അവന്റെ ഇരുപത്തിയാറു  പല്ലുകളും കാണിച്ചു കൊണ്ട് നില്കുന്നു. പത്തു വയസ്സുകാരി ഐശ്വര്യയുടെ  അധരങ്ങളിൽ  കൊതി വെള്ളം വീണു തുടങ്ങിയിരുന്നു .
"ഇമ്മക്ക്  ഈ  കരിങ്കല്ലിൽ  പിടിച്ചോണ്ട്  മേലെ കേറാം "
സന്ദീപ്‌ കരിങ്കല്ലിൽ ചവിട്ടി മെല്ലെ കയറുവാനുള്ള ശ്രമം തുടങ്ങി  കഴിഞ്ഞിരുന്നു . 
"ഇന്റെ  പടച്ചോനേ  ഇങ്ങള് വെറുതെ വേണ്ടാതെന്നോന്നും  നില്കണ്ടാട്ടോ ...ഓരാലീലും  കണ്ടാൽ  ഇമ്പളെ  വീടീല് പറഞ്ഞു കൊടുക്കും ".
പുരോഗമന ചിന്താഗതിക്കാരായ  ഞങ്ങൾക്കിടയിൽ  പിന്തിരിപ്പാൻ  ആശയങ്ങളുമായി  നില്കുന്ന പത്തു വയസ്സുകാരി ഷാഫ്ന .എല്ലാവരും  അവളെ പുച്ഛത്തോടെ ഒന്ന് നോക്കി. 

"വേണ്ടാതോലോക്കെ  പോയ്‌കോളിൻ ..പിന്നെ ഞമ്മളെ ടീമില്  കൂട്ടൂലാ ".
സര്പ്പം പാതി താഴ്ത്തുന്നത്  പോലെ ഷാഫ്നയുടെ  തല  മെല്ലെ കുനിഞ്ഞു.സന്ദീപിന് പിന്നാലെ ഞാനും നിസാരും  ഒരു വിധത്തിൽ  മണ്ടേലെ  പറമ്പിൽ  വലിഞ്ഞു  കയറി . 

                       ഞാൻ  മുക ളിലോട്ടും നോക്കി നിരാശനായി  നിന്നു. കൃത്യമായി  ഉന്നം വച്ചതാണ് . എന്നിട്ടും എറിഞ്ഞ പോത്തൻ  കല്ല്  മാമ്പഴത്തിന്റെ അരികിലൂടെ പോലും പോയില്ല .
"ഇങ്ങള് ഒരു മാങ്ങയെങ്ങിലും ഒന്ന് വീഴ്ത്തി  തരോ "
കീഴെ  നിന്നും പരിഹാസത്തോടെ  ഉള്ള  ഐശ്വര്യയുടെ  മൊഴി  വചനങ്ങൾ . അപമാനത്തിന്റെ  ഭാരവും താങ്ങി എന്റെ മനസ്സ് തല കുനിച്ചു .  കാൽച്ചുവട്ടിൽ കിടക്കുന്ന ഉരുളൻ  കല്ലെടുത്ത്‌ സർവ ശക്തിയും  സംഭരിച്ചു
മുകളിലേക്ക്  ആഞ്ഞെറിഞ്ഞു .ന്യൂട്ടണ്‍ന്റെ  ഗുരുത്വാകര്ഷണ  സിദ്ധാന്തത്തെ  പറ്റി  ഒരു ചുക്കും അറിയാൻ  മേലാത്ത  കാലം . അതുകൊണ്ട് ആ  കല്ല്‌ കൃത്യമായി  അരികിലുള്ള വീടിന്റെ  ഊടിന്പുറത്തു  തന്നെ ചെന്ന് പതിച്ചു .
"പ്ടെ "
എന്താണ് സംഭവിച്ചതെന്നു  അറിയാതെ  ഒരു നിമിഷം ഞാൻ നിന്നു .യാഥാർഥ്യ൦ തിരിച്ചറിഞ്ഞു  തിരിഞ്ഞു  നോക്കുമ്പോൾ ചുറ്റിലും ആരെയും കാണാനില്ല . താഴോട്ടു  നോക്കിയപോൾ സന്ദീപും നിസാറും ബാഗുമെടുത്ത്‌ ഓടുന്നു.അവര്ക്ക് വഴികാട്ടി യെന്നവണ്ണം  മുന്നിലായി ഐശ്വര്യയും ശാഫ്നയും ഉണ്ണിയും.
"ഓടെടാ  ഞൊണ്ടി വരുന്നുണ്ട് "
അവര്കിടയിൽ നിന്നും ആരുടെയോ  ശബ്ദം എന്റെ കാതുകളെ ഉണര്ത്തി . ഞൊണ്ടി എന്റെ നേരെ ഓടിയടുക്കുകയാണ് .ഞാൻ ഏഴടി  ഉയരമുള്ള മതിലിൽ നിന്നും ചാടിയതും ബാഗ്‌ എടുകുന്നതും ഓടുന്നതും എല്ലാം ഒരു ഓര്മ മാത്രം .

                      വീട്ടിൽ  എതിയപ്പോലും  ഞാൻ വല്ലാതെ കിതക്കുനുണ്ടായിരുന്നു . ആരുടേയും കണ്ണിൽ  പെടാതെ  സമർത്ഥ മായി മണ്ണും വിയര്പ്പും പുരണ്ട വെള്ളയിൽ ചുവന്ന പൂക്കളുള്ള ഷർട്ടും  നീല നിക്കറും കുളിമുറിയുടെ ഒരു വശത്ത് ഒതുക്കി വച്ചു .കുളിച്ചു മുടി ഒരു വശത്തേക്ക് ഒതുക്കി വച്ചു നല്ല കുട്ടിയായി പഠിച്ചു ഭക്ഷണവും കഴിച്ചു കിടന്നുറങ്ങി.കാലത്ത് എഴുന്നേൽക്കുമ്പോഴാണ്  കാലില നല്ല നീരുന്ടെന്നും ഒരടി പോലും നടക്കാൻ പട്റ്റിലെന്നും  ഉള്ള സത്യം മനസിലായത് .അച്ഛന്റെ കയ്യും പിടിച്ചു മെല്ലെ വേച്ചു  ഒരു വിധത്തിൽ കളരി ഗുരുക്കളുടെ മുന്നില് ചെന്ന് നിന്നു . കഴുത്തിൽ  നീണ്ട  രുദ്രാക്ഷ  മാല അണിഞ്ഞ കട്ടിയുള്ള പുരികങ്ങളും ഉരുക്കിന്റെ മുഷ്ടിയും ഉള്ള അയാള് എന്റെ ഉള്ളം കാലിൽ  ആഞ്ഞൊന്ന് തിരുംമിയപ്പോൾ എന്റെ മ കണ്ണില്ലൂടെ പൊന്നീച്ച  പറഞ്ഞു. വീട്ടിലെ നീണ്ട കട്ടിലിൽ കാലുകൾ  നിവര്ത്തി മെല്ലെ അങ്ങനെ കിടന്നു. മധ്യ വേനല അവധിക്കാലം  മണ്‍സൂണ്‍ മഴയ്ക്ക് വഴി മാറി കൊടുത്തു.

                         ഞാൻ കുട നിവര്ത്തി തുറന്നു പിടിച്ചു .മഴ ചെറിയ തോതിൽ ചാറുന്നുണ്ട് . പതിനഞ്ചു വര്ഷങ്ങള്ക്ക് ശേഷം പഴയ സ്കൂൾ വഴിയില്ലൂടെ ഒന്ന് നടന്നപോൾ  മനസിലാകെ ഓര്മകളുടെ  ഒരു വേലിയേറ്റം തന്നെ സൃഷ്ടികപ്പെട്ടു . ഇപ്പോൾ  കുറച്ചകലെ നിന്നുള്ള  ഡോബര്മാന്റെ  കുരയ്ക്കുന്ന  ശബ്ദം  കേൾക്കാനില്ല .ഞൊണ്ടിയുടെ ഭയപ്പെടുത്തുന്ന  നോട്ടങ്ങളും ഇല്ല .യമണ്ടൻ മാവ് ഇരുന്നിടം ഇപ്പോൾ  പത്തു നിലകളുള്ള  ഒരു ബഹുനില  കെട്ടിടത്തിനു  വഴി മാറി  കൊടുത്തിരിക്കുന്നു .പാതി തുറന്നിടിരികുന്ന ഒരു വലിയ ഗേറ്റ്.അതിലൂടെ നോക്കിയപോൾ തലങ്ങും വിലങ്ങും നിർത്തിയിടിരിക്കുന്ന കുറെ വാഹനങ്ങൾ  മാത്രം .അന്തരീക്ഷത്തിൽ  എവിടെയോ കുറെ കുട്ടികളുടെ ആർപ്പുവിളികൾ  മാത്രം കേൾക്കുന്നുണ്ട് .ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ മാമ്പഴ ക്കാലം എന്റെ കണ്പീലികളെ ഈറനണയിപ്പിച്ചു .

                


     

No comments:

Post a Comment